Kerala
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സര്ക്കാര് തീരുമാനം സദുദ്ദേശപരമെന്ന് മന്ത്രി കെ.മുരളീധരന്. വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത് വീര്യം കൂടിയ മദ്യത്തിന് അല്ലല്ലോയെന്നും മന്ത്രി ചോദിച്ചു.
സ്പിരിറ്റ് കലക്കി കൊടുക്കുന്ന സിസ്റ്റം ഇവിടെ ഇല്ല. മദ്യനയ ബില്ല് യുഡിഎഫില് ആലോചിക്കും. കേരളത്തില് സമ്പൂര്ണ്ണ മദ്യനിരോധനത്തിലേക്ക് എത്താനുള്ള ഘട്ടം ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു.
അഞ്ചു വര്ഷം മാന്യമായി പ്രവര്ത്തിച്ചിട്ട് ഇറങ്ങി പോണമെന്നാണ് ആഗ്രഹം. ആരോടും ഏറ്റുമുട്ടാന് ഇല്ല. എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ചിലര് കുളം കലക്കാന് ഇറങ്ങിയിട്ടുണ്ട്. മെഡിക്കല് കോളജില് ക്ലോസറ്റുകളില് വേസ്റ്റ് കൊണ്ടിട്ടു, ക്ലോസറ്റുകള് തല്ലിപ്പൊളിച്ചു. എന്നോടുള്ള ദേഷ്യം എന്തിനാണ് ക്ലോസറ്റിനോട് തീര്ക്കുന്നതെന്നും മന്ത്രി ചോദിച്ചു.
Kerala
തൃശൂർ: സംസ്ഥാനത്തെ പുതിയ മദ്യനയത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് യുഡിഎഫ് ആണെന്ന് മന്ത്രി ഒ.ജെ. ജനീഷ്. ഇക്കാര്യം മുഖ്യമന്ത്രിതന്നെ നിയമസഭയിൽ വ്യക്തമാക്കിയതാണ്. മുന്നണിയിലെ വിശദമായ ആലോചനകൾക്കുശേഷം യുഡിഎഫ് ഇക്കാര്യത്തിൽ തങ്ങളുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കും.
കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന തീരുമാനങ്ങളായിരുന്നു കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്തുണ്ടായിരുന്നത്. വെറും 29 ബാറുകൾ ഉണ്ടായിരുന്നതിൽനിന്ന് 884 ബാറുകളിലേക്കു വർധിപ്പിച്ചത് എൽഡിഎഫ് സർക്കാരാണ്.
ബക്കാർഡിക്കു നികുതി കുറയ്ക്കണമെന്ന ആദ്യ കത്തുപോലും നൽകിയത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എക്സൈസ് മന്ത്രി ആയിരുന്നപ്പോഴാണ്.
പുതിയ മദ്യനയം നിലവിൽ തീരുമാനിക്കപ്പെട്ടിട്ടില്ല. നികുതിയുമായി ബന്ധപ്പെട്ട ചില പ്രപ്പോസലുകൾ മാത്രമാണ് ഇപ്പോൾ വന്നിരിക്കുന്നത്. അതിൽ യുഡിഎഫിൽ വിശദമായ ചർച്ചകൾ ഉണ്ടാകുമെന്നും, അതിനുശേഷം മുഖ്യമന്ത്രിതന്നെ ഇക്കാര്യത്തിൽ അന്തിമപ്രഖ്യാപനം നടത്തുമെന്നും ഒ.ജെ. ജനീഷ് തൃശൂരിൽ മാധ്യമങ്ങളോടു വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോൾ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും. അതുകൊണ്ടാണ് വീര്യം കുറച്ചു കൊണ്ടുവരുന്നതെന്ന് മുരളീധരൻ പ്രതികരിച്ചു
സമ്പൂർണ മദ്യ നിരോധനം നടപ്പാക്കണമെങ്കിൽ അതിനുള്ള അന്തരീക്ഷം രൂപപ്പെടണം. കുടിയന്മാർ എന്തായാലും സമൂഹത്തിൽ കുറച്ചുപേരുണ്ട്. കുടിക്കുമ്പോൾ നല്ല സാധനം കൊടുക്കണം .അതിനാണ് കെ കരുണാകരൻ ബെവ്കോ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികൾക്ക് മദ്യം കൊടുക്കാൻ അനുവദിക്കില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ കാലത്ത് ബാറുകളുടെ എണ്ണം കുറച്ചു. പത്ത് വർഷത്തിനിടെ എണ്ണം കൂട്ടി വീര്യം കുറഞ്ഞ മദ്യം കൊടുക്കുന്നത് ഇംപാക്ട് കുറയ്ക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന കാര്യത്തിൽ ചർച്ച ചെയ്യാതെ തീരുമാനമെടുക്കില്ല. ഇക്കാര്യം മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന കാര്യത്തിൽ സമഗ്രമായ കൂടിയാലോചനകൾ നടത്തുമെന്ന് റവന്യു വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ. പാർട്ടി-മുന്നണി നേതൃത്വവുമായി ചർച്ച ചെയ്ത് ഇക്കാര്യം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നയപരമായ കാര്യങ്ങളിൽ ഏകാധിപത്യപരമായ തീരുമാനങ്ങളല്ല സർക്കാർ സ്വീകരിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായിരുന്നതുപോലെ ഒരാളിൽ മാത്രം തീരുമാനങ്ങൾ കേന്ദ്രീകരിക്കുന്ന ശൈലിയല്ല ഇപ്പോഴത്തെ സർക്കാരിനുള്ളത്. തീരുമാനങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ അത് തിരുത്തുമെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ബാറുകൾ പൂട്ടിയെന്നത് വെറും വാട്സ്ആപ്പ് യൂണിവേഴ്സിറ്റി കഥ മാത്രമാണെന്ന് മുൻ മന്ത്രി എം.ബി. രാജേഷ്. സൈബർ പോരാളികൾ പറഞ്ഞുനടക്കുന്ന ഇത്തരം കള്ളങ്ങൾ മുഖ്യമന്ത്രി നിയമസഭയിൽ പറയുന്ന കഷ്ടമാണെന്നും അദ്ദേഹം വിമർശിച്ചു.
ഉമ്മൻ ചാണ്ടിയുടെ കാലത്ത് സംസ്ഥാനത്ത് 748 ബാർ ഹോട്ടലുകൾ പ്രവർത്തിച്ചിരുന്നു. അക്കാലത്ത് അബ്കാരി നയത്തിൽ മാറ്റം വരുത്താൻ കാരണം ബാർ കോഴ ആരോപണവും വി.എം. സുധീരനുമായുള്ള കടുത്ത രാഷ്ട്രീയ പോരാട്ടവുമായിരുന്നു.
സുധീരനെ തോൽപ്പിക്കാനുള്ള വാശിയുടെ പുറത്താണ് ഫൈവ് സ്റ്റാർ ക്ലാസിഫിക്കേഷനുള്ള 29 ബാറുകൾ ഒഴികെയുള്ളവയുടെ ലൈസൻസ് റദ്ദാക്കിയത്. എന്നാൽ ലൈസൻസ് നഷ്ടപ്പെട്ട എല്ലാ ബാറുകൾക്കും ബിയർ-വൈൻ പാർലറുകൾ അനുവദിച്ചു.
അഴിമതി ആരോപണത്തിൽ നിന്ന് തടിയൂരാനാണ് അന്നത്തെ സർക്കാർ ഇത് ചെയ്തത്. ഉമ്മൻ ചാണ്ടി സർക്കാർ അധികാരം ഒഴിയുമ്പോൾ കേരളത്തിൽ 813 ബിയർ വൈൻ പാർലറുകളും 306 ബെവ്കോ ഔട്ട്ലെറ്റുകളും സജീവമായി പ്രവർത്തിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പിന്നീട് വന്ന എൽഡിഎഫ് ഗവൺമെന്റ് ചെയ്തത് ഉമ്മൻ ചാണ്ടിയുടെ കാലത്ത് ബിയർ വൈൻ പാർലറുകളാക്കി മാറ്റിയ ബാറുകൾ ത്രീ സ്റ്റാർ ക്ലാസിഫിക്കേഷൻ കൈവരിച്ചപ്പോൾ അവയ്ക്ക് ലൈസൻസ് പുതുക്കി നൽകുക മാത്രമാണ്. ഇത് ഒരു നിയമപരമായ ബാധ്യതയായിരുന്നു.
അല്ലാതെ പുതിയ ബാറുകൾ വാരിക്കോരി നൽകിയതല്ല. പത്ത് വർഷം മുൻപ് 813 മദ്യശാലകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 896 എണ്ണം മാത്രമാണുള്ളത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള അന്ന് എല്ലാം പൂട്ടി, ഇപ്പോൾ എല്ലാം തുറന്നു എന്ന പ്രചാരണം പൂർണമായും വസ്തുതാവിരുദ്ധമാണെന്നും എം.ബി രാജേഷ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ ഉയർന്ന ആശങ്ക സർക്കാർ ദുരീകരിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ഇക്കാര്യത്തിൽ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് കെസി പ്രതികരിച്ചു.
സര്ക്കാര് എടുക്കുന്ന നടപടികളില് ആര്ക്കെങ്കിലും പ്രയാസം ഉണ്ടെങ്കില് പാര്ട്ടി തലത്തില് ചര്ച്ച ചെയ്യുമെന്നും വിമര്ശനങ്ങളില് പങ്കുചേരാന് ഉദ്ദേശിക്കുന്നില്ലെന്നും കെസി പറഞ്ഞു. സര്ക്കാര് അധികാരത്തിലെത്തിയിട്ട് ഒരുമാസം ആയതേയുള്ളൂ. സര്ക്കാരിന്റെ പ്രവര്ത്തനങ്ങള് നന്നായി മുന്നോട്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും ചില ആശങ്കകള് ഉണ്ടായാല് അതു ദൂരീകരിച്ചു പോകുക എന്നതുമാത്രമാണ് സര്ക്കാരിന്റെ മുന്നിലുള്ള കാര്യം. നയപരമായ കാര്യങ്ങളെല്ലാം പാര്ട്ടി തലത്തിലും ചര്ച്ച ചെയ്യുമെന്ന് കെസി വേണുഗോപാല് പറഞ്ഞു.
Kerala
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയ ബജറ്റ് പ്രഖ്യാപനത്തിൽ അതൃപ്തി അറിയിക്കാൻ എക്സൈസ് മന്ത്രി എം. ലിജു മുഖ്യമന്ത്രി വി.ഡി. സതീശനെ കാണും. ഇത്തരമൊരു തീരുമാനം ബജറ്റിൽ ഉൾപ്പെടുത്തിയതിലുള്ള പ്രതിഷേധം മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കും. നിയമസഭയിൽ വച്ചാകും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുക.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകു്നന കാര്യത്തിൽ എക്സൈസ് വകുപ്പ് നയപരമായ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് മന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വീര്യം കുറഞ്ഞ മദ്യം വിപണിയിൽ വിൽക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വകുപ്പുമന്ത്രി പോലും അറിയാതെ ബജറ്റിൽ ഇക്കാര്യം പ്രഖ്യാപിച്ചതിൽ പാർട്ടിയിലെ ചില കോണുകളിൽ നിന്ന് തന്നെ എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. അതേസമയം, സംസ്ഥാന ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് ഇന്ന് നിയമസഭയിൽ തുടക്കമാകും. മദ്യനയത്തിലെ മാറ്റത്തിന് പുറമെ മറ്റു വിഷയങ്ങളും സഭയിൽ വലിയ ചർച്ചയാകും.
Kerala
കൊച്ചി: ഉമ്മന് ചാണ്ടി സര്ക്കാരിന്റെ 2016ലെ മദ്യനയം ഘട്ടംഘട്ടമായെങ്കിലും പുതിയ സർക്കാർ തുടരണമെന്ന് കെസിബിസി മദ്യ-ലഹരി വിരുദ്ധ സമിതി ആവശ്യപ്പെട്ടു.
മാരക ലഹരികള്ക്കും മാഫിയകള്ക്കുമെതിരേ സംസ്ഥാനസര്ക്കാര് സ്വീകരിച്ചിരിക്കുന്ന ധീരമായ നിലപാടിന് സമ്പൂര്ണ പിന്തുണയും സഹകരണവും അറിയിക്കുന്നതായും മുഖ്യമന്ത്രി വി.ഡി. സതീശനുള്ള തുറന്ന കത്തിൽ സമിതി വ്യക്തമാക്കി.
മദ്യനയം സംബന്ധിച്ച് സർക്കാരിന്റെ ശ്രദ്ധയിലേക്കുള്ള വിവിധ നിർദേശങ്ങളാണ് കത്തിന്റെ ഉള്ളടക്കം. മദ്യവും ലഹരിയും മനുഷ്യസമൂഹത്തിന്റെ സമസ്തമേഖലകളിലും ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്നു.
ഈ സാഹചര്യത്തിൽ പുതിയ മദ്യശാലകളൊന്നും തുടങ്ങരുത്. ഓരോ വര്ഷവും ബെവ്കോ-കണ്സ്യൂമര്ഫെഡ് ഔട്ട്ലറ്റുകള് പത്തു ശതമാനം വീതം നിര്ത്തലാക്കണം.
നിലവിലുള്ള മദ്യശാലകളുടെ പ്രവര്ത്തനസമയം രാവിലെ 11 മുതല് വൈകുന്നേരം ഏഴു വരെയാക്കി ചുരുക്കണം. കള്ളുഷാപ്പുകള്, വിദേശമദ്യ ഷോപ്പുകള്, ബാര്, ബിയര്, വൈന് പാര്ലറുകള് എന്നിവ അനുവദിക്കുന്നതിനും അനുവദിച്ചതിനുമുള്ള ദൂരപരിധിച്ചട്ടം പുനഃസ്ഥാപിക്കണം.
മദ്യശാലകളുടെമേല് തദ്ദേശസ്ഥാപനങ്ങള്ക്കുണ്ടായിരുന്ന നിയന്ത്രണാധികാരം 232, 447 വകുപ്പുകള് പുനഃസ്ഥാപിക്കണം. ലഹരിവിരുദ്ധ ബോധവത്കരണത്തിന് ബിവറേജസ് കോര്പറേഷന്റെ മദ്യവരുമാനം ഉപയോഗിക്കുന്നത് നിര്ത്തലാക്കണം. ബോധവത്കരണ കാര്യങ്ങള്ക്ക് മറ്റു സ്ഥാപനങ്ങളുടെ സിഎസ്ആര് ഫണ്ട് ഉപയോഗിക്കണം.
പിണറായി സര്ക്കാര് രൂപീകരിച്ച വിമുക്തി മിഷന് പരാജയമായതിനാൽ അതു പിരിച്ചുവിട്ട് ആന്റി നാര്ക്കോട്ടിക് കോര്പറേഷന് രൂപീകരിക്കണം.
ബോധവത്കരണ പരിപാടികളില് മൂന്നു പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള കെസിബിസിയുടെ ലഹരിവിരുദ്ധ വിഭാഗത്തിന് ഉത്തരവാദിത്വം നല്കണം എന്നിവയുൾപ്പെടെ 31 നിർദേശങ്ങളാണു കത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള അറിയിച്ചു.
Kerala
തൃശൂർ: ദീര്ഘകാല അടിസ്ഥാനത്തിലുള്ള സമഗ്രമായ മദ്യനയം വരുംദിവസങ്ങളില് പ്രഖ്യാപിക്കുമെന്നു മന്ത്രി എം. ലിജു പറഞ്ഞു. തൃശൂര് എക്സൈസ് അക്കാദമി പരേഡ് ഗ്രൗണ്ടില് പരിശീലനം പൂര്ത്തിയാക്കിയ 66 സിവില് എക്സൈസ് ഓഫീസര്മാരുടെ പാസിംഗ് ഔട്ട് പരേഡില് സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലഹരിവ്യാപനം തടയാൻ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ എക്സൈസ് വകുപ്പിനെ ശക്തീകരിക്കും. സര്വീസിൽ പ്രവേശിക്കുന്നവർ കര്മനിരതരും സത്യസന്ധരുമാകണമെന്നും മന്ത്രി ഓര്മപ്പെടുത്തി.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരം ഏറ്റെടുത്തതിനു പിന്നാലെ എക്സൈസ് നയത്തിൽ മാറ്റം വരുത്തുന്നു. വെള്ളിയാഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ മന്ത്രി എം. ലിജു ഇത് സംബന്ധിച്ച് നിർണായക വിവരങ്ങൾ നൽകി.
പുതിയ നയത്തിന്റെ ഭാഗമായി ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതു സംബന്ധിച്ച് സർക്കാർ പഠനം നടത്തും. എക്സൈസ് നയം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ ശിപാർശകളും നിർദ്ദേശങ്ങളും എഴുതി നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വിമുക്തി പദ്ധതിയെ കൂടുതൽ ജനകീയമാക്കും. ഇതിനൊപ്പം എക്സൈസ് വകുപ്പിനെ ആധുനികവത്കരിക്കുമെന്നും മന്ത്രി അറിയിച്ചു. അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾ വകുപ്പിന് ലഭ്യമാക്കും.
കൂടാതെ വകുപ്പിൽ നിലവിലുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ നടപടി സ്വീകരിക്കും. ലഹരിവസ്തുക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
Kerala
കൊച്ചി: ഇടതു സര്ക്കാരിന്റെ ജനവിരുദ്ധ മദ്യനയം യുഡിഎഫ് സര്ക്കാര് പൂർണമായും തിരുത്തിയെഴുതണമെന്ന് കെസിബിസി മദ്യവിരുദ്ധസമിതി. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ നടപടികള് കേരളത്തിൽ ഭരണത്തിലേറുന്ന പുതിയ സര്ക്കാര് മാതൃകയാക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങള്, ആരാധനാലയങ്ങള്, ബസ്സ്റ്റാൻഡുകള് തുടങ്ങിയ പൊതുസ്ഥാപനങ്ങളുടെ 500 മീറ്റര് പരിധിയിലുള്ള മുഴുവന് മദ്യശാലകളും അടച്ചുപൂട്ടണമെന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉത്തരവ് പൊതുജനനന്മ ലക്ഷ്യമിട്ടുള്ളതാണ്.
2016ല് ഉമ്മന് ചാണ്ടി സര്ക്കാര് സമ്പൂര്ണ മദ്യനിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി ബെവ്കോ-കണ്സ്യൂമര് ഫെഡ് ഔട്ട്ലറ്റുകള് ഓരോ വര്ഷവും പത്തു ശതമാനം വീതം അടച്ചുപൂട്ടാന് ആരംഭിച്ചിരുന്നു. പിന്നീട് 29 ബാറുകള് ഒഴികെ മുഴുവന് മദ്യശാലകളും അടച്ചുപൂട്ടി. ഉമ്മന് ചാണ്ടി സര്ക്കാരിന്റെ പാത പുതിയ സര്ക്കാര് പിന്തുടരണം. അഞ്ചു വര്ഷം കൊണ്ട് സംസ്ഥാനത്ത് സമ്പൂര്ണ മദ്യനിരോധനം നടപ്പില് വരുത്തണം.
മയക്കുമരുന്നുകളുടെ ഉറവിടത്തെ പുതിയ സര്ക്കാര് ഇല്ലാതാക്കണം. ഇക്കാര്യത്തിൽ കര്ണാടക, തമിഴ്നാട്, കേരള സര്ക്കാരുകള് യോജിച്ചു പ്രവര്ത്തിക്കണമെന്നും സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.
കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം 16ന് ചെയര്മാന് ബിഷപ് ഡോ. അംബ്രോസ് പുത്തന്വീട്ടിലിന്റെ അധ്യക്ഷതയില് ഓണ്ലൈനായി നടക്കും.
National
ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസ് ഡൽഹി ഹൈക്കോടതി ജഡ്ജി സ്വർണ കാന്ത ശർമയുടെ ബെഞ്ചിൽനിന്നു മാറ്റണമെന്ന ആവശ്യം നിഷേധിച്ചതോടെ സുപ്രീംകോടതിയെ സമീപിച്ച് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജരിവാൾ.
മദ്യനയ അഴിമതിക്കേസിൽ കേജരിവാളിനെ വെറുതേവിട്ടുകൊണ്ടുള്ള വിചാരണക്കോടതി ഉത്തരവിനെതിരേ സിബിഐ സമർപ്പിച്ച ഹർജി പരിഗണിച്ചത് ജസ്റ്റീസ് സ്വർണ കാന്തയുടെ ബെഞ്ചാണ്.
വിഷയം പരിഗണിച്ച ബെഞ്ച് വിചാരണക്കോടതിയുടെ നിർദേശം സ്റ്റേ ചെയ്യുകയും കേജരിവാളിനെയും മറ്റ് 22 പേരെയും കുറ്റവിമുക്തരാക്കിയ ചില നിരീക്ഷണങ്ങൾ തെറ്റാണെന്നു പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായും നിരീക്ഷിച്ചു.
തുടർന്ന് ബെഞ്ച് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ദേവേന്ദ്ര കുമാർ ഉപാധ്യായയെ സമീപിച്ചെങ്കിലും ആവശ്യം നിരസിച്ചു. ഇതോടെയാണ് കേജരിവാൾ സുപ്രീംകോടതിയെ സമീപിച്ചത്.
ജസ്റ്റീസ് സ്വർണ കാന്തയുടെ ബെഞ്ചാണു വിഷയം പരിഗണിക്കുന്നതെങ്കിൽ നിഷ്പക്ഷമായ വാദം കേൾക്കൽ ഉണ്ടാകില്ലെന്നാണ് കേജരിവാളിന്റെ വാദം.
Kerala
ആലപ്പുഴ: കേരളത്തിലെ ഇപ്പോഴത്തെ പുതിയ മദ്യനയം മദ്യപിയ്ക്കാത്തവരെയും കുടിയാന്മാരാക്കുന്ന നയമാണെന്നും യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പിണറായി സർക്കാരിന്റെ മദ്യനയം തിരുത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
മദ്യാധികാര വാഴ്ചയ്ക്കെതിരെ ജനാധികാര മുന്നേറ്റം എന്ന മുദ്രാവാക്യവുമായും ഇടതു സർക്കാരിന്റെ പുതിയ മദ്യനയം തിരുത്തണമെന്നും ആവശ്യപ്പെട്ട് കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ ആലപ്പുഴ കളക്ട്രേറ്റിനു മുന്നിൽ 2024 ഓഗസ്റ്റ് 15 ന് തുടങ്ങി 561 ദിവസമായി തുടരുന്ന അനശ്ചിത കാല സത്യാഗ്രഹത്തിന്റെ താത്കാലിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശൻ.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാറുകളുടെ എണ്ണവും മദ്യത്തിന്റെ ലഭ്യതയും കുറച്ചത് പോലെ മദ്യനയം തിരുത്തുമെന്നും സതീശൻ പറഞ്ഞു. മദ്യവിരുദ്ധ ജനകീയ മുന്നണി ജനറൽ കൺവീനർ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സമ്മേളനത്തിൽ വച്ച് മുഖ്യ സത്വാഗ്രഹികളായ ബി.ആർ. കൈമൾ കരുമാടി, ലത കൈമൾ കരുമാടി, ജി. രാധാകൃഷ്ണൻ, ഉമ്മൻ ജെ.മേടാരം എന്നിവരെ സതീശനും ബിഷപ്പ് ഡോ. ജോഷ്യാ മാർ ഇഗ്നാത്തിയോസും ചേർന്ന് ആദരിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്തു നിൽക്കെ സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം അപ്രഖ്യാപിതമായി കൂട്ടിയ നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കു വഴിവയ്ക്കും.
സാധാരണ ബാറുകളുടെ സമയം രാവിലെ ഒരു മണിക്കൂർ നേരത്തെയും രാത്രി 11 എന്നുള്ളത് 12 വരെയും ആക്കിയാണ് വർധിച്ചിരിക്കുന്നത് . ബിയർ, വൈൻ പാർലുകൾക്കും ഇതാണ് സമയ ക്രമം.
ലോക്കൽ കൗണ്ടറുകളും
എന്നാൽ, ഫൈവ് സ്റ്റാർ മുതലുള്ള ബാറുകൾ രാവിലെ 10ന് തുറന്നു രാത്രി മൂന്നു വരെ പ്രവർത്തിക്കും. ഇത്തരം ബാറുകൾക്കും ലോക്കൽ എന്നു വിളിപ്പേരുള്ള സാധാരണ കൗണ്ടറുകൾ ഉണ്ട്. ഫൈവ് സ്റ്റാർ സമയക്രമത്തിന്റെ മറവിൽ ഇവയും പുലർച്ചെ മൂന്നു വരെ പ്രവർത്തിച്ചേക്കാം. ചുരുക്കത്തിൽ സാധാരണ ബാറുകൾക്ക് രണ്ടു മണിക്കൂർ കൂട്ടിക്കിട്ടിയപ്പോൾ ഫൈസ്റ്റാർ ബാറുകൾക്ക് അഞ്ചു മണിക്കൂറാണ് കൂട്ടിക്കിട്ടിയിരിക്കുന്നത്
ഇന്നുമുതൽതന്നെ ഈ രണ്ടു വിഭാഗം ബാറുകളുടെയും സമയത്തിൽ മാറ്റം നടപ്പിലായി തുടങ്ങും .മലയാളിയുടെ രാത്രി ജീവിതത്തെ പൂർണമായും മാറ്റാൻ സാധ്യതയുള്ള ഒരു സാമൂഹ്യനടപടി കൂടിയായി ഇതു മാറും. ഇപ്പോൾ തന്നെ നഗരങ്ങളിൽ നിശാജീവിതം സജീവമാണ് .
11- 12 മണിയോടെ അവസാനിച്ചിരുന്ന രാത്രി കൂട്ടായ്മകളും ഭക്ഷണ- വിരുന്നുകളും ഇനി യൂറോപ്യൻ നഗരങ്ങൾക്കു സമാനമായി പുലർച്ചെ മൂന്നുവരെ നീളാം. ഇതുണ്ടാക്കുന്ന സാമൂഹ്യ സാംസ്കാരിക മാറ്റങ്ങൾ ഇപ്പോൾ വിലയിരുത്താൻ ആകില്ല. ക്രിമിനൽ സംഘങ്ങളുടെ വിളയാട്ടങ്ങളും പെരുകും. രാത്രികാല ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസും ക്രമസമാധാനപാലകരും കൂടുതൽ വിയർപ്പൊഴുക്കേണ്ടിവരും
രാവിലെ ഒരു മണിക്കൂർ നേരത്തെ
രാവിലെ ഒരു മണിക്കൂർ നേരത്തെ ബാറുകളുടെ പ്രവർത്തന സമയം ആക്കിയതോടുകൂടി മദ്യപിച്ചിട്ട് ദിവസം തുടങ്ങുക, ഓഫീസിൽ പോവുക തുടങ്ങിയ കാര്യങ്ങളിൽ തെറ്റായ ഒരുപാട് പ്രവണതകൾക്കു ആക്കംകൂട്ടാൻ വഴിയുണ്ടെന്ന് ആ രംഗത്തെ നിരീക്ഷകർ ചൂണ്ടിക്കാണുന്നു.
രാത്രി 12ന് സാധാരണ ബാറുകൾ അടയ്ക്കുമെങ്കിലും ഫൈവ് സ്റ്റാർ ബാറുകളുടെ ചുവടൊപ്പിച്ച്, ഉദ്യോഗസ്ഥരെയും മറ്റും സ്വാധീനിച്ചും അവയും പ്രവർത്തന സമയം ദീർഘിപ്പിക്കാനാണ് സാധ്യത. മാത്രമല്ല ഫൈവ് സ്റ്റാർ ബാറുകൾക്കു മാത്രമാക്കിയ മൂന്നു മണിക്കൂർ അധികം തങ്ങൾക്കും വേണമെന്ന് ഇവർക്കു ന്യായമായും ആവശ്യപ്പെടാം. അതിനു കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.
ഡീൽ ആരോപണം
സംസ്ഥാന സർക്കാരിനോ ഖജനാവിനോ പുതിയ നടപടികൊണ്ട് പെട്ടെന്നു പ്രയോജനം ഒന്നും കിട്ടില്ല. ഫൈവ് സ്റ്റാർ ബാറുകളുടെ രാത്രി സമയം കൂട്ടിയതിനു മാത്രമാണ് അധിക ഫീസ് അടക്കേണ്ടത്. എന്നാൽ, ഏതോ ഒരു സംഘടന ആവശ്യപ്പെട്ടതനുസരിച്ച് ബാറുകളുടെ പ്രവർത്തന സമയം പെട്ടെന്നു കൂട്ടിയ നടപടിക്കു പിന്നിൽ കോടിക്കണക്കിനു രൂപയുടെ അഴിമതിയും സ്വാധീനവും ഉണ്ടാവുമെന്ന ആരോപണം ഉയർന്നുകഴിഞ്ഞു.
പഴയ ബാർകോഴ കേസിന്റെ മാതൃകയിലുള്ള നിരവധി ആക്ഷേപങ്ങൾക്കും സമരങ്ങൾക്കും കോടതി നടപടികൾക്കും ഇതു വഴിവച്ചേക്കാം. നിരവധി സംഘടനകൾ ഇന്നു തന്നെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പ്രതിപക്ഷവും സമരത്തിന് ഒരുങ്ങുകയാണ്.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി ഇടത്, വലത്, എൻഡിഎ മുന്നണികള് മദ്യനയത്തിലും മാരക രാസലഹരികളുടെ വ്യാപനത്തിലും നിലപാട് വ്യക്തമാക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി അർധവാര്ഷിക സമ്മേളനം ആവശ്യപ്പെട്ടു.
മദ്യനയത്തില് മുന്കാലങ്ങളില് പുറത്തിറക്കിയ പ്രകടനപത്രികകള് പ്രഹസന പത്രികകളായി മാറുകയാണ്. മദ്യത്തിനു പേരിടാനും ലോഗോ നിര്മിക്കാനും അപേക്ഷ ക്ഷണിച്ച സര്ക്കാരാണിത്. മദ്യം ഹോം ഡെലിവറി ചെയ്യാന് പദ്ധതി ആസൂത്രണം ചെയ്തു പരാജയപ്പെട്ടു.
കള്ളുഷാപ്പുകള് ഒന്നാകെ ഭക്ഷണം വിതരണം ചെയ്യുന്ന ഹോട്ടലുകളായി മാറി. നഗ്നമായ അബ്കാരി ലംഘനങ്ങള് മദ്യവകുപ്പിനു കീഴില് നടന്നിട്ടും കണ്ടില്ലെന്നു നടിക്കുന്നു. മദ്യത്തിന്റെ ലഭ്യതക്കുറവാണ് മയക്കുമരുന്നുകള് വര്ധിക്കുന്നതിനു കാരണമെന്നു പ്രചരിപ്പിച്ചവര്ക്ക് യഥേഷ്ടം മദ്യം ലഭ്യമാക്കിയിട്ടും നാട് മയക്കുമരുന്നുകളുടെ ഹബ്ബായി മാറിയതിനു മറുപടിയില്ല.
തെരഞ്ഞെടുപ്പില് മദ്യനയവും രാസലഹരികളുടെ വ്യാപനവും പൊതുസമൂഹത്തില് ചര്ച്ചാവിഷയമാക്കുമെന്ന് സമ്മേളനം മുന്നറിയിപ്പ് നല്കി.
പാലാരിവട്ടം പിഒസിയിൽ നടന്ന സമ്മേളനത്തില് കേരളത്തിലെ 32 രൂപതകളില്നിന്നുള്ള പ്രതിനിധികള് പങ്കെടുത്തു. കാലാവധി പൂര്ത്തിയാക്കിയ മദ്യവിരുദ്ധ കമ്മീഷന് ചെയര്മാന് ബിഷപ് യൂഹാനോന് മാര് തെയോഡോഷ്യസിന് യാത്രയയപ്പും പുതുതായി നിയമിതനായ ബിഷപ് ഡോ. അംബ്രോസ് പുത്തന്വീട്ടിലിന് വരവേല്പും നൽകി.
കമ്മീഷന് സെക്രട്ടറി ഫാ. തോമസ് ഷൈജു അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഫാ. ദേവസി പന്തല്ലൂക്കാരന്, ആന്റണി ജേക്കബ്, സി.എക്സ്. ബോണി, അന്തോണിക്കുട്ടി ചെതലന്, മേരി ദീപ്തി, കെ.പി. മാത്യു, തോമസ് കോശി, റോയി മുരിക്കോലില്, എ.ജെ. ഡിക്രൂസ് എന്നിവര് പ്രസംഗിച്ചു.